Thursday, October 1, 2009

ഗൂഗ്ഗിള്‍ വേവ്



അങ്ങനെ ഗൂഗിള്‍ വേവ് ബീറ്റ പുറത്തിറങ്ങീ...ഇതൊരു സംഭവം തന്നെയാണു കേട്ടാ..watchout this video - http://www.youtube.com/watch?v=v_UyVmITiYQ



For more information on google wave, visit https://wave.google.com/

To wave me - vijeshkk@googlewave.com


Friday, June 5, 2009

ചില നാടന്‍ കാഴ്ചകള്‍

ഈയ്യിടെ നാട്ടില്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍.



നാട്ടിലെ ആല്‍ത്തറ,എന്നും വൈകിട്ടീ ആല്‍ത്തറയില്‍ വന്നിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍..

അമ്പലക്കുളം, മനസ്സിലൊരായിരം ഓര്‍മ്മകള്‍ ഉണ്ടെങ്കിലും ഒന്നും എഴുതാന്‍ കഴിയുന്നില്ലല്ലോ..


സമാന്തരങ്ങള്‍.


അകലെ അസ്തമയം.

ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്.









പൈതല്‍മലയിലേക്കുള്ള യാത്രക്കിടെ..



ഇതു കേരളയാത്രക്കിടെ തൃശൂരിനടുത്ത് വച്ച് എടുത്തതു. നെല്ലായിലെ എഴുത്തുകാരിചേച്ചിക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.

Tuesday, April 7, 2009

ഖസാക്കിനും തസ്രാക്കിനും ഇടയില്‍ - തസ്രാക്ക് യാത്ര



ഖസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്കിനെ തേടി തസ്രാക്കില്‍ ചെല്ലുന്നവര്‍ തീര്‍ച്ചയായും നിരാശപ്പെടേണ്ടിവരും, കാരണം ഒരു സാധാരണ പാലക്കാന്‍ ഗ്രാമമെന്നതിലുപരി മറ്റു പ്രത്യേകതകളൊന്നും നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയില്ല.പക്ഷെ ചിന്തിച്ചുനോക്കിയാല്‍ ഖസാക്കിനെ കുറിച്ചെഴുതിയതില്‍ അതിശയോക്തി തീരെയില്ലതാനും,അവിടെയാണു വിജയന്‍ വിജയിച്ചതു.തസ്രാക്കിന്റ്റെ ചുറ്റുപാടുകളില്‍ മാറ്റം വരുത്താതെ തന്നെ വിജയനു വായനക്കാരെ മറ്റൊരുതലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞു.പുനര്‍വായനകളില്‍ കൂടുതല്‍ വെളിപ്പെടുന്ന, എന്നാല്‍ ഒരിക്കലും പൂര്‍ണ്ണമായി വെളിപ്പെടാത്ത,ഓരോ വായനയിലും പുതുമ നഷ്ടപ്പെടുത്താത്ത ഒരു നോവല്‍ ആയി ഖസാക് നിലകൊള്ളുന്നതും ആ രചനാ ശൈലിയുടെ പ്രത്യേകത തന്നെ.

ഖസാക്കിന്റെ ഇതിഹാസം ഞാന്‍ വായിക്കുന്നതു ഏറെ വൈകിയാണു,ചെറുപ്പം മുതലേ അത്യാവിശ്യം നല്ല വായനാശീലമുണ്ടായിരുന്നിട്ടും, ഒരു പാടു പ്രാവിശ്യം വായനശാലയില്‍ എന്റെ കണ്മുന്നില്‍ കണ്ടിട്ടും എന്തെ ഞാന്‍ അന്നൊന്നും ഖസാക്ക് വയിക്കാന്‍ മുതിര്‍ന്നില്ല എന്നു ഇന്നും ഞാന്‍ ചിന്തിക്കാറുണ്ടു.
(ഒരു കണക്കിനു അതു നന്നായി, കാരണം, അന്നു ഞാന്‍ അതു വായിച്ചിരുന്നേല്‍ ഒന്നും മനസ്സിലാകതെ അന്നേരം തന്നെ അതു ഒഴിവാക്കുകയും, പിന്നൊരിക്കലും അതു വായിക്കാനൊരു മൂഡും ഉണ്ടാകുമായിരുന്നില്ല). അതും കഴിഞ്ഞു ഏറെ കാലം കഴിഞ്ഞു വേറൊന്നും കിട്ടാതായപ്പോള്‍ ആണു വെറുതെ സമയം കിട്ടിയാല്‍ വായിക്കന്‍ എന്ന നിലയില്‍ ഞാനതു വാങ്ങിയതു.അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഖസാക്കിനെ വിട്ടിട്ടില്ല.

പിന്നീടെന്നൊ എതോ പത്രത്താളുകളില്‍ തസ്രാക്ക് എന്നൊരു സ്ഥലത്തുവെച്ചാണു വിജയന്‍ ഖസക്കിന്റെ ഇതിഹാ‍സം എഴുതിയത് എന്നും ഖസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്ക് തസ്രാക്ക് തന്നെയാണെന്നും അറിഞ്ഞതു, അന്നു മനസ്സില്‍ തീരുമാനിച്ചു, തസ്രാക്കിലേക്ക് ഒരു യാത്ര. പിന്നെ ഞാനും സമാനമനസ്കനായ സഹമുറിയനും കൂടി കുറച്ചുനാളത്തെ ശ്രമഫലമായി തസ്രാക്കിലെത്താനുള്ള വഴികളും പിന്നെ കാണെണ്ട സ്ഥലങ്ങളുടെ ലിസ്റ്റും ഉണ്ടാക്കി,പക്ഷെ പിന്നീടെന്തുകൊണ്ടോ കുറെ നാളേക്ക് ഈ ചിന്ത മനസ്സിലുണ്ടായില്ല.

അന്നു ഞാന്‍ നാട്ടില്‍ ഒരാഴ്ച്ചത്തെ ലീവിനു വന്നതായിരുന്നു, അങ്ങനെ നാട്ടിലെ സുഹൃത്തുക്കളുടെ കൂടെ അടിച്ചുപൊളിച്ചുനടന്ന ആ ദിവസങ്ങളിലൊരു ദിവസം രാത്രി എനിക്കു പഴയ സഹമുറിയന്റെ കാള്‍ വന്നു. അവന്‍ പാലക്കാടാണ്, അവന്റെ കസിന്റെ എന്തോ ആവശ്യത്തിന്റെ കസിന്റെ കൂടെ വന്നതാണു, “നീ വരുന്നെങ്കില്‍ നമുക്കാ പഴയ തസ്രാക്ക് യാത്ര നടത്തിയേക്കാം” എന്നവന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ തോന്നി, പോയാലോന്നു. വീട്ടില്‍ നിന്നു എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അതൊന്നും നോക്കാതെ തീരുമാനിച്ചു, പിന്നെ എല്ലാം പെട്ടന്നായിരുന്നു. കണ്ണൂരില്‍ നിന്നു രാത്രി 12 മണിക്ക് ഏതൊ ഒരു ട്രെയ്നില്‍ പാലക്കാടേക്ക്.

രാവിലെ 6 മണിക്ക് പാലക്കാട്ടെത്തി, ഏകദേശം ഒരു 9 മണിയായപ്പോള്‍ നമ്മള്‍ 3 പേര്‍, ഞാന്‍, സഹമുറിയന്‍, സഹമുറിയന്റെ കസിന്‍, പാലക്കാട് ബസ്റ്റന്റില്‍ നിന്നു കനാല്‍പ്പാലത്തേക്കുള്ള ടിക്കറ്റെടുത്തു.അവിടെയെത്തിയാല്‍ ഒന്നു പറയണെ എന്നു പറഞ്ഞപ്പോള്‍ തന്നെ കണ്ടക്റ്റര്‍ക്കു കാര്യം മനസ്സിലായി. നമ്മള്‍ തസ്രാക്കിലേക്കാണെന്നു. കനാല്‍പ്പാലത്തിലെത്തിയപ്പോള്‍ അയാള്‍ വിളിച്ചു. ഏകദേശം ഒരു 12 കിലോമീറ്റര്‍ ദൂരം, പാലക്കാട്ടുനിന്നു. അവിടെയിറങ്ങി.അടുത്തു നിര്‍ത്തിട്ടിരുന്ന ഓട്ടോക്കാരനോടു തസ്രാക്കിലേക്കുള്ള വഴി ചോദിച്ചു, “ദാ, ഈ കനാലിന്റെ ഓരം ചേര്‍ന്നു നടന്നാ മതി, പിന്നെ ഒരു ഒരു കിലോമീറ്റര്‍ കഴിഞ്ഞാ വലത്തോട്ടോരു വളവും, അതിലൂടെ പോയാല്‍ തസ്രാക്കായി”,

നടന്നു തന്നെ പോകാന്‍ തീരുമാനിച്ചു, നടത്തത്തിന്റെ തുടക്കത്തില്‍ ആദ്യം കാണുന്നതു കനാലിന്റെ അരികിലായി ഉള്ള ഒരു ബോര്‍ഡാണ്. ഒരു മങ്ങിയ, പഴക്കം തോന്നിക്കുന്ന ഒരു ബോര്‍ഡ്, അതില്‍ “ഖസാക്കിന്റെ നാട്ടിലേക്ക് സ്വാഗതം“ എന്നെഴുതിയിരിക്കുന്നു. മെയ് മാസത്തിലെ ചൂട്, ഉണങ്ങിവരണ്ട വഴികള്‍, വിണ്ടു കീറിയ പാ‍ടങ്ങള്‍, പിന്നെ ചെറിയ കുടിലുകള്‍ പോലെ തോന്നിക്കുന്ന വീടുകള്‍, ഇടയ്ക്കെപ്പഴോ ഒരു നാടന്‍ ചായക്കട കണ്ടു. ഒന്നു കയറിയാലോ എന്നു തോന്നിയെങ്കിലും ഈ ചൂടിനു ചായ കുടിച്ചാ തീര്‍ന്നതു തന്നെ. ആലോചിച്ചപ്പൊ വേണ്ടാന്നു തോന്നി. ഏകദേശം ഒരു 3 കിലോമീറ്റര്‍ നടന്നെന്നു തോന്നുന്നു, ഒരു കുറച്ചു വീടുകള്‍ ഉള്ള ഒരു സ്ഥലത്തെത്തി. മുന്നില്‍ ഒരു ചെറിയ പള്ളി. എതിരെ വന്ന പയ്യനോടു തസ്രാക്കെവിടാന്നു ചോദിച്ചു, അവന്‍ പറഞ്ഞു ,ഇതു തന്നെ.
“അപ്പൊ ഈ ഞാറ്റുപുര?”..”ദാ ആ കാണുന്നതാ”.. അവിടെ ഒരു ചെറിയ ഓടുമേഞ്ഞ ഒരു പുര, പറമ്പിന്റെ അതിരില്‍ മുളയുടെ ചില്ലകള്‍ വച്ചു കെട്ടി അടച്ചിരിക്കുന്നു. അതിന്നകത്തേക്കു പോകമോന്നു അടുത്ത വീട്ടിലെ പെണ്‍കുട്ടിയോടു ചോദിച്ചപ്പോള്‍ “മ്” ന്നൊരു മൂളല്‍ മാത്രം മറുപടികിട്ടി.

വളരെ പഴക്കം ചെന്ന ചെറിയൊരു വീട്, ചുമരില്‍ ചിലന്തികള്‍ക്കു പകരം ചിതലുകള്‍,കുറെനേരം അവിടെയിരുന്നു, ഖസാക്കിനെ കുറിച്ചു വീണ്ടും ചര്‍ച്ച ചെയ്തു, പിന്നെ കുറെ നേരം കഴിഞ്ഞു തസ്രാക്കിലെ മറ്റു സ്ഥലങ്ങളിലേക്ക് നടന്നു, അരയന്നങ്ങള്‍ നീന്തിക്കളിക്കുന്ന ഒരു വലിയ കുളം, പിന്നെ ഒരു ചെറിയ കട, അവിടെനിന്ന് നാരങ്ങാവെള്ളം കുടിച്ചു, സര്‍ബത്ത് ഇപ്പൊ ഇല്ലത്രെ. ഖസാക്കിലെ കൂമങ്കാവിനെ കുറിച്ചും ചിതലിയെക്കുറിച്ചു പിന്നെ അറബിക്കുളത്തിനെയും പറ്റിയും ചോദിച്ചപ്പോള്‍ അതൊക്കെ നോവലില്‍ മാത്രെ ഉള്ളൂവെന്നും വെറും ഭാവനമാത്രമാണെന്നും മറുപടികിട്ടി.അടുത്തെവിടെയോ ഒരു കൂമങ്കാടുണ്ടെന്നും അതു നോവലിലെ പോലെ ഉള്ള സ്ഥലമല്ലാന്നും പിന്നെ അതിലുള്ളതായി തസ്രാക്കിലുള്ളതു ഞാറ്റുപുരയും പള്ളിയും പിന്നെ കുറച്ചു കഥാപത്രങ്ങളും മാത്രമാണെന്നും അയാള്‍ പറഞ്ഞു. പിന്നെ കുറച്ചു നേരം ആ വിശാലമായ പാലക്കാ‍ടന്‍ വയലുകളിലൂടെ നടന്നു, പിന്നെ നേരം വൈകുന്നതിനു മുന്‍പ് തിരിച്ച് വീട്ടിലേക്ക്.

ഒരു പക്ഷെ ആ തസ്രാക്ക് യാത്ര അന്നു എന്നെ നിരാശപ്പെടുത്തിയിരുന്നിരിക്കാം, പക്ഷെ അതിനു ശേഷം പലപ്രാവിശ്യം വീണ്ടും ഒന്നുകൂടി തസ്രാക്കിലേക്കു പോകാന്‍ തോന്നിയിട്ടുണ്ടു. ഇന്നും തോന്നിക്കോണ്ടെയിരിക്കുന്നു, ഞാനെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മ്മകളില്‍ ആ തസ്രാക്ക് യാത്ര മുന്‍പന്തിയിലെത്തുന്നതും അതുകൊണ്ടുതന്നെ.

അന്നെടുത്ത കുറെ ഫോട്ടോസ് താഴെ കൊടുക്കുന്നു.


“ഖസാക്കിലേയ്ക്ക് സ്വാഗതം”
തസ്രാക്കിലേയ്ക്ക്.
കരിമ്പനകള്‍ നിറഞ്ഞ പാലക്കാടന്‍ പാ‍ടങ്ങള്‍.
ഇതു സാഹിത്യപ്രേമികളുടെ തീര്‍ഥാടനകേന്ദ്രം... ഖസാക്കിലെ ഞാറ്റുപുര..
ഞാറ്റുപുര.
ഞാറ്റുപുരയ്ക്ക് പിന്നിലെ കിണര്‍.
അറബികുളം അല്ല..പക്ഷെ ഇവിടെയും മൈമുനമാര്‍ നീരാടാനിറങ്ങാറുണ്ടു.

Wednesday, April 1, 2009

മടക്കം..

മഴ ചാറിക്കൊണ്ടിക്കൊരുന്നു.അയാള്‍ ബസ്സില്‍ നിന്നിറങ്ങി, ചുറ്റും ഒന്നു കണ്ണോടിച്ചു,വലിയ മാറ്റങ്ങള്‍ ഒന്നുമില്ല.തന്റെ ബാഗുമെടുത്തു നടന്നു.വീട്ടിലെക്കുള്ള ഇടവഴിയും പിന്നെ തൊടിയും കാടുപിടിച്ചു കറുത്തു കിടക്കുന്നു.പരിചയമുള്ള ഒരു മുഖവും കണ്ടില്ല വഴിയില്‍.അതു നന്നായെന്നു അയാള്‍ക്കു തോന്നി.അല്ലെങ്കില്‍ ചോദ്യങ്ങള്‍.ഉത്തരങ്ങള്‍..പിന്നെ അവയിലൂടെ...ഓര്‍മ്മകളിലൂടെ...വേണ്ട,അയാള്‍ സ്വയം നിയന്ത്രിച്ചു.വീട്ടിനു മുന്നിലെത്തിയപ്പൊഴെക്കും മഴ തോര്‍ന്നിരുന്നു.മുറ്റം നിറയെ കാലവര്‍ഷത്തില്‍ പൊടിച്ച പുല്ലും കുറ്റിച്ചെടികളും പിന്നെ ജീര്‍ണിച്ച ചപ്പു ചവരുകളും മാത്രം.വീടിനു ചുറ്റും പായലുകള്‍ പൊടിച്ചുപൊങ്ങിയിരുന്നു.ഒടുവില്‍ താന്‍ തിരിച്ചുവരിന്നിരിക്കുന്നു, താന്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ മാറാല കെട്ടിയ ആ അകത്തളങ്ങള്‍ക്കു മുന്നില്‍.

മുറ്റത്തു ഒരു കോണില്‍ ചെരിപ്പു അഴിച്ചുവെച്ചു കിണറ്റില്‍ നിന്നും കോരിയ വെള്ളത്തില്‍ കാല്‍ കഴുകി വര്‍ഷങ്ങളായി പാദസ്പര്‍സമേല്‍ക്കാത്ത കോലായില്‍ കാലെടുത്തു വച്ച അയാള്‍ വാതിലിനു മുന്നില്‍ ഒരു നിമിഷം കണ്ണടച്ചു..ജീര്‍ണ്ണിച്ച ആ വാതിലിനു മുന്നില്‍‍..തുരുമ്പെടുത്ത ആ താക്കോല്‍ പഴുതിലിന്നു മുന്നില്‍ അയാള്‍ ആര്‍ദ്രനായി.പോക്കറ്റില്‍ കിടന്ന താക്കോല്‍ എടുത്ത അയാള്‍ കാത്തിരിപ്പിന്റെ നനവുള്ള നെടുവീര്‍പ്പുകള്‍ തട്ടി തുരുമ്പിച്ച താഴു തുറക്കാന്‍ നന്നെ പണിപ്പെട്ടു.വാതില്‍ തുറന്നപ്പൊള്‍ ഓര്‍മ്മകള്‍ വര്‍ഷങ്ങളുടെ ഏകാന്തതയുടെ കൂടു വിട്ടു തനിക്കു ചുറ്റും നിറയുന്നതായ് അയാള്‍ അറിഞ്ഞു.പൊടിപിടിച്ച ഓര്‍മ്മകള്‍.

അയാള്‍ അകത്തേക്ക് കടന്നു. മാറാലകളെ വകഞ്ഞു മാറ്റി നടുമുറ്റത്തേക്ക് നടന്നു. നല്ല വഴുക്കലുണ്ട്. അവിടെ തുളസ്സിതറയില്‍ ചാരിയിരുന്നു. ഒരു കാലത്ത് പ്രതാപത്തിന്റെ ചിഹ്നമായിരുന്നു ഈ വീട്, ഇന്നിതു തന്നെപ്പോലെ വയസ്സില്‍ക്കവിഞ്ഞു പ്രായം തോന്നിച്ച്, ഒരു വയോവൃദ്ധനെപ്പോലെ..വേര്‍പിരിഞ്ഞുപോയവര്‍ തനിച്ചാക്കിയ ഒരു വയസ്സന്‍. സമയം സന്ധ്യകഴിഞ്ഞു.

മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന ചാരുകസേല നടുമുറ്റത്തിട്ട് അയാള്‍ അതില്‍ ഇരുന്നു. മുകളില്‍ തണുത്തു വിറച്ച് ശൂന്യാകാശം, അനേകം ദീപങ്ങള്‍ മുനിഞ്ഞു കത്തുന്നു, കാറ്റില്‍ അവ ഇളകുന്നു, മനസ്സൊന്നിലുമുറക്കുന്നില്ല,കണ്ണുകള്‍ പതുക്കെ അടച്ചു. പിറകിലോട്ട്.വര്‍ഷങ്ങള്‍ക്ക് പിന്നിലോട്ട്. സമയം പോയതറിഞ്ഞില്ല.എത്ര ദൂരം സഞ്ചരിച്ചെന്നും അറിയില്ല. കണ്ണുതുറന്നു. കൂരിരിട്ട് മാത്രം ചുറ്റിലും. ഒരു സിഗരറ്റ് എടുത്തു പുകച്ചു.പുകച്ചുരുളുകള്‍ മുകളിലേക്കുയര്‍ന്ന് അലിഞ്ഞില്ലാതായി. നല്ല തണുത്ത കാറ്റ്. മഴ ഏതുനിമിഷവും മഴ പെയ്തേക്കാം. താന്‍ തന്റെ കൂട്ടിലെത്തിയിരിക്കുന്നു.എന്നോ നഷ്ടപ്പെട്ട ആ സ്വസ്ഥമായ ഉറക്കം തന്നെ ഒന്നു പുല്‍കിയിരുന്നെങ്കില്‍ എന്നയാള്‍ കൊതിച്ചു. നഷ്ടപ്പെടലുകള്‍ മാത്രം ഇത്രനാളും തന്നെ വരിച്ചു. പക്ഷെ അതിനൊക്കെ ഇന്നു വിരാമമാകുന്നു.ഇന്നു തനിക്കു ഉറങ്ങണം.ശാ‍ന്തമായി, സ്വസ്ഥമായി,ഒരിക്കലുമുണരാതെ.

മുകളില്‍ ആകാശം തണുത്തു,മിന്നലുകള്‍ താഴേയ്ക്ക് പെയ്തിറങ്ങി. വീണ്ടും മഴപെയ്തു. വീട്ടിന്റെ പിന്നിലെ മാവിന്‍ കൊമ്പില്‍ അയാളുടെ വല്‍ക്കലം തണുത്തു വെറുങ്ങലിച്ച് തൂങ്ങി കിടന്നു.

Saturday, March 21, 2009

കുടജാദ്രിയിലേക്ക്.....

കുടജാദ്രിയിലേക്ക് ജീപ്പില്‍, പാതിവഴിയായിക്കാണും,വറ്റിയ തോടു പോലെ,ഉരുളന്‍ കല്ലുകളും കുണ്ടുകുഴികളും നിറഞ്ഞ റോഡ്.ജീപ്പ് ഏതുനിമിഷവും താഴോട്ടുപതിക്കാം.എവിടെനിന്നൊ ഒരു മണിയൊച്ച ഞാന്‍ വ്യക്തമായിക്കേട്ടു.താഴെ കോവിലില്‍ കേട്ട അതേ മണിയൊച്ച.പക്ഷെ എന്റ്‌റടുത്തിരിക്കുന്ന പേടിച്ചരണ്ടിരിക്കുന്ന സുഹ്രുത്തിനോടു ചോദിച്ചപ്പൊ അവന്‍ അതു കേട്ടില്ല എന്നു പറഞ്ഞു.ജീപ്പിലെ മറ്റു യാത്രകാരും പേടിച്ചരണ്ടിരിക്കുകയാണു.ആരും ഒന്നും മിണ്ടുന്നില്ല.പൊടുന്നനെ ജീപ്പിലെ യാത്രക്കരിലൊരാള്‍ ചിരിക്കാന്‍ തുടങ്ങി, അതു കേട്ടു മറ്റുള്ളവരും, പിന്നെ ഞാനും,അങ്ങനെ അതൊരു കൂട്ടച്ചിരിയായി.കാരണമില്ലാതെ ഒരു ജീപ്പിലെ യാത്രക്കാര്‍ മുഴുവന്‍ ചിരിക്കുന്നു.പക്ഷെ ഡ്രൈവര്‍ മാത്രം അതിലൊന്നും കൂടുതല്‍ ശ്രദ്ധ ചെലുത്താതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു.
മുകളിലെത്തിയപ്പോള്‍ ഇനിയെങ്ങനെ താഴെയിറങ്ങും എന്നായിരുന്നു ആലോചന.

ഏകദേശം 3 വര്‍ഷം മുന്നെയാണു, ഒരു വെള്ളിയാഴ്ച്ച ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഇറങ്ങുമ്പോഴാണു മൂകാംബികയില്‍ പോയൊന്നു തൊഴുതാലോ എന്നു തോന്നിയതു.കൂടെ വര്‍ക്കു ചെയ്യുന്ന സുഹൃത്തിനോടു ചോദിച്ചപ്പൊള്‍ അവനു സമ്മതം, അന്നു രാത്രി മജസ്റ്റിക് ബസ്സ്റ്റാന്റ്‌റില്‍ നിന്നു കൊല്ലൂര്‍ ബസ്സിനു കയറി,നേരെ മൂകാംബികാ ക്ഷേത്രത്തിലേക്കു.ആദ്യമായാണു കൊല്ലൂരിലേക്കു പൊകുന്നതു.
പിറ്റെന്നു പുലര്‍ച്ചെ കൊല്ലൂരില്‍ എത്തി, ഒരു ലോഡ്ജ് എടുത്തു പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞു പിന്നെ അമ്പലത്തില്‍ കയറിതൊഴുതു,ചുറ്റുവട്ടമൊക്കെ ഒന്നുനടന്നു കണ്ടു അങ്ങനെയിരിക്കുമ്പഴാണു ഒന്നു കുടജാദ്രി കയറിയാലോ എന്നു തോന്നിയതു.മഴക്കാലമായതിനാല്‍ കുടജാദ്രി കയറുന്നതു റിസ്‌ക് ആണെന്നു രാവിലെ തൊട്ടടുത്ത ലൊഡ്ജ് മുറിയില്‍ കണ്ട മലയാളി പറഞ്ഞതു മനസ്സില്‍ വന്നെങ്കിലും ഒടുവില്‍ കയറിക്കളയാം എന്നു ഉറപ്പിച്ചു. 6 പേരായാല്‍ പോകാം എന്നു െ്രെഡവര്‍ പറഞ്ഞു.കുറച്ചുകഴിഞ്ഞപ്പോള്‍ 3 മലയാളി ചെറുപ്പക്കാരെ കിട്ടി, അവരും ആദ്യമായാണു കുടജാദ്രി കയറുന്നെ, അങ്ങനെ നമ്മള്‍ 5 പേര്‍ ആദ്യമായി കുഡജാദ്രി കയറാന്‍ തുടങ്ങി.ഒരു ഭാഗത്തു കുത്തനെയുള്ള ഇറക്കം,ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വളരെ ദുര്‍ഘടം പിടിച്ച വഴി, മൂകാംബികാദേവിയെ വിളിച്ചു പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍.പക്ഷെ മുകളില്‍ എത്തിയപ്പോള്‍,എങ്ങും നിറഞ്ഞ മഞ്ഞും പിന്നെ ചാറിപ്പെയ്യുന്ന മഴയും, തണുത്തകാറ്റും പിന്നെ ആ പ്രക്രിതിഭംഗിയും, എല്ലാം ചേര്‍ന്നു എന്നെ ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തിച്ചു.തിരിച്ചിറങ്ങാന്‍ തോന്നിയില്ല. ഒടുവില്‍ മറ്റുള്ളവരോടൊപ്പം തിരിച്ചു ഭൂമിയിലേക്ക്. ബാഗ്ലൂരില്‍ തിരിച്ചെത്തിയിട്ട് ആഴ്ച്ചകളോളം കുടജാദ്രിയും മൂകാംബികാ ക്ഷേത്രവും മനസ്സില്‍നിന്നും മാഞ്ഞതേയില്ല.
അതിനു ശേഷം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ജൂലായില്‍ ഞാന്‍ വീണ്ടും കുടജാദ്രി കയറി.തികച്ചും അതേ കാലാവസ്ഥയില്‍, പക്ഷെ മുമ്പുണ്ടായിരുന്ന ഭയം ഇപ്പ്രാവശ്യം ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യയാത്രയില്‍ താനനുഭവിച്ച അതേ മാനസികാവസ്ഥ, അതിത്തവണയും ഞാന്‍ അനുഭവിച്ചു. ഒരു പക്ഷെ കുടജാദ്രിക്കുമാത്രം പ്രദാനം ചെയ്യാനാകുന്ന ഒരവസ്ഥ.

അന്നെടുത്ത കുറെ ഫോടോസ് താഴെ കൊടുക്കുന്നു.












മൂകംബിക ക്ഷേത്രം,പുലര്‍ച്ചെ തൊഴാന്‍ പോയപ്പോല്‍ എടുത്തതു.അന്നേരം നല്ല മഴയുമുണ്ടായിരുന്നു.



ക്ഷേത്രത്തിലെ ആന.





ഇനി കുടജാദ്രിയിലേക്ക്.. കുടജാദ്രിയിലേക്കുള്ള വഴി..







കുടജാദ്രിയിലെ ഗസ്റ്റ് ഹൌസ്..ജീപ് ഇവിടം വരെ മാത്രെ വരൂ..ഇവിടന്നങ്ങോട്ട് നടക്കണം..സര്‍വക്ഞപീഠം ത്തിലേക്ക്.. അവിടെയാണത്രെ ആദിശങ്കരന്‍ തപസ്സിരുന്നത്.




അകലെ കാണുന്നതാണ് സര്‍വ്വക്ഞപീഠം..



ഇനി മടക്കം.