ഖസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്കിനെ തേടി തസ്രാക്കില്‍ ചെല്ലുന്നവര്‍ തീര്‍ച്ചയായും നിരാശപ്പെടേണ്ടിവരും, കാരണം ഒരു സാധാരണ പാലക്കാന്‍ ഗ്രാമമെന്നതിലുപരി മറ്റു പ്രത്യേകതകളൊന്നും നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയില്ല.പക്ഷെ ചിന്തിച്ചുനോക്കിയാല്‍ ഖസാക്കിനെ കുറിച്ചെഴുതിയതില്‍ അതിശയോക്തി തീരെയില്ലതാനും,അവിടെയാണു വിജയന്‍ വിജയിച്ചതു.തസ്രാക്കിന്റ്റെ ചുറ്റുപാടുകളില്‍ മാറ്റം വരുത്താതെ തന്നെ വിജയനു വായനക്കാരെ മറ്റൊരുതലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞു.പുനര്‍വായനകളില്‍ കൂടുതല്‍ വെളിപ്പെടുന്ന, എന്നാല്‍ ഒരിക്കലും പൂര്‍ണ്ണമായി വെളിപ്പെടാത്ത,ഓരോ വായനയിലും പുതുമ നഷ്ടപ്പെടുത്താത്ത ഒരു നോവല്‍ ആയി ഖസാക് നിലകൊള്ളുന്നതും ആ രചനാ ശൈലിയുടെ പ്രത്യേകത തന്നെ.
ഖസാക്കിന്റെ ഇതിഹാസം ഞാന്‍ വായിക്കുന്നതു ഏറെ വൈകിയാണു,ചെറുപ്പം മുതലേ അത്യാവിശ്യം നല്ല വായനാശീലമുണ്ടായിരുന്നിട്ടും, ഒരു പാടു പ്രാവിശ്യം വായനശാലയില്‍ എന്റെ കണ്മുന്നില്‍ കണ്ടിട്ടും എന്തെ ഞാന്‍ അന്നൊന്നും ഖസാക്ക് വയിക്കാന്‍ മുതിര്‍ന്നില്ല എന്നു ഇന്നും ഞാന്‍ ചിന്തിക്കാറുണ്ടു.
(ഒരു കണക്കിനു അതു നന്നായി, കാരണം, അന്നു ഞാന്‍ അതു വായിച്ചിരുന്നേല്‍ ഒന്നും മനസ്സിലാകതെ അന്നേരം തന്നെ അതു ഒഴിവാക്കുകയും, പിന്നൊരിക്കലും അതു വായിക്കാനൊരു മൂഡും ഉണ്ടാകുമായിരുന്നില്ല). അതും കഴിഞ്ഞു ഏറെ കാലം കഴിഞ്ഞു വേറൊന്നും കിട്ടാതായപ്പോള്‍ ആണു വെറുതെ സമയം കിട്ടിയാല്‍ വായിക്കന്‍ എന്ന നിലയില്‍ ഞാനതു വാങ്ങിയതു.അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഖസാക്കിനെ വിട്ടിട്ടില്ല.
പിന്നീടെന്നൊ എതോ പത്രത്താളുകളില്‍ തസ്രാക്ക് എന്നൊരു സ്ഥലത്തുവെച്ചാണു വിജയന്‍ ഖസക്കിന്റെ ഇതിഹാസം എഴുതിയത് എന്നും ഖസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്ക് തസ്രാക്ക് തന്നെയാണെന്നും അറിഞ്ഞതു, അന്നു മനസ്സില്‍ തീരുമാനിച്ചു, തസ്രാക്കിലേക്ക് ഒരു യാത്ര. പിന്നെ ഞാനും സമാനമനസ്കനായ സഹമുറിയനും കൂടി കുറച്ചുനാളത്തെ ശ്രമഫലമായി തസ്രാക്കിലെത്താനുള്ള വഴികളും പിന്നെ കാണെണ്ട സ്ഥലങ്ങളുടെ ലിസ്റ്റും ഉണ്ടാക്കി,പക്ഷെ പിന്നീടെന്തുകൊണ്ടോ കുറെ നാളേക്ക് ഈ ചിന്ത മനസ്സിലുണ്ടായില്ല.
അന്നു ഞാന്‍ നാട്ടില്‍ ഒരാഴ്ച്ചത്തെ ലീവിനു വന്നതായിരുന്നു, അങ്ങനെ നാട്ടിലെ സുഹൃത്തുക്കളുടെ കൂടെ അടിച്ചുപൊളിച്ചുനടന്ന ആ ദിവസങ്ങളിലൊരു ദിവസം രാത്രി എനിക്കു പഴയ സഹമുറിയന്റെ കാള്‍ വന്നു. അവന്‍ പാലക്കാടാണ്, അവന്റെ കസിന്റെ എന്തോ ആവശ്യത്തിന്റെ കസിന്റെ കൂടെ വന്നതാണു, “നീ വരുന്നെങ്കില്‍ നമുക്കാ പഴയ തസ്രാക്ക് യാത്ര നടത്തിയേക്കാം” എന്നവന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ തോന്നി, പോയാലോന്നു. വീട്ടില്‍ നിന്നു എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അതൊന്നും നോക്കാതെ തീരുമാനിച്ചു, പിന്നെ എല്ലാം പെട്ടന്നായിരുന്നു. കണ്ണൂരില്‍ നിന്നു രാത്രി 12 മണിക്ക് ഏതൊ ഒരു ട്രെയ്നില്‍ പാലക്കാടേക്ക്.
രാവിലെ 6 മണിക്ക് പാലക്കാട്ടെത്തി, ഏകദേശം ഒരു 9 മണിയായപ്പോള്‍ നമ്മള്‍ 3 പേര്‍, ഞാന്‍, സഹമുറിയന്‍, സഹമുറിയന്റെ കസിന്‍, പാലക്കാട് ബസ്റ്റന്റില്‍ നിന്നു കനാല്‍പ്പാലത്തേക്കുള്ള ടിക്കറ്റെടുത്തു.അവിടെയെത്തിയാല്‍ ഒന്നു പറയണെ എന്നു പറഞ്ഞപ്പോള്‍ തന്നെ കണ്ടക്റ്റര്‍ക്കു കാര്യം മനസ്സിലായി. നമ്മള്‍ തസ്രാക്കിലേക്കാണെന്നു. കനാല്‍പ്പാലത്തിലെത്തിയപ്പോള്‍ അയാള്‍ വിളിച്ചു. ഏകദേശം ഒരു 12 കിലോമീറ്റര്‍ ദൂരം, പാലക്കാട്ടുനിന്നു. അവിടെയിറങ്ങി.അടുത്തു നിര്‍ത്തിട്ടിരുന്ന ഓട്ടോക്കാരനോടു തസ്രാക്കിലേക്കുള്ള വഴി ചോദിച്ചു, “ദാ, ഈ കനാലിന്റെ ഓരം ചേര്‍ന്നു നടന്നാ മതി, പിന്നെ ഒരു ഒരു കിലോമീറ്റര്‍ കഴിഞ്ഞാ വലത്തോട്ടോരു വളവും, അതിലൂടെ പോയാല്‍ തസ്രാക്കായി”,
നടന്നു തന്നെ പോകാന്‍ തീരുമാനിച്ചു, നടത്തത്തിന്റെ തുടക്കത്തില്‍ ആദ്യം കാണുന്നതു കനാലിന്റെ അരികിലായി ഉള്ള ഒരു ബോര്‍ഡാണ്. ഒരു മങ്ങിയ, പഴക്കം തോന്നിക്കുന്ന ഒരു ബോര്‍ഡ്, അതില്‍ “ഖസാക്കിന്റെ നാട്ടിലേക്ക് സ്വാഗതം“ എന്നെഴുതിയിരിക്കുന്നു. മെയ് മാസത്തിലെ ചൂട്, ഉണങ്ങിവരണ്ട വഴികള്‍, വിണ്ടു കീറിയ പാടങ്ങള്‍, പിന്നെ ചെറിയ കുടിലുകള്‍ പോലെ തോന്നിക്കുന്ന വീടുകള്‍, ഇടയ്ക്കെപ്പഴോ ഒരു നാടന്‍ ചായക്കട കണ്ടു. ഒന്നു കയറിയാലോ എന്നു തോന്നിയെങ്കിലും ഈ ചൂടിനു ചായ കുടിച്ചാ തീര്‍ന്നതു തന്നെ. ആലോചിച്ചപ്പൊ വേണ്ടാന്നു തോന്നി. ഏകദേശം ഒരു 3 കിലോമീറ്റര്‍ നടന്നെന്നു തോന്നുന്നു, ഒരു കുറച്ചു വീടുകള്‍ ഉള്ള ഒരു സ്ഥലത്തെത്തി. മുന്നില്‍ ഒരു ചെറിയ പള്ളി. എതിരെ വന്ന പയ്യനോടു തസ്രാക്കെവിടാന്നു ചോദിച്ചു, അവന്‍ പറഞ്ഞു ,ഇതു തന്നെ.
“അപ്പൊ ഈ ഞാറ്റുപുര?”..”ദാ ആ കാണുന്നതാ”.. അവിടെ ഒരു ചെറിയ ഓടുമേഞ്ഞ ഒരു പുര, പറമ്പിന്റെ അതിരില്‍ മുളയുടെ ചില്ലകള്‍ വച്ചു കെട്ടി അടച്ചിരിക്കുന്നു. അതിന്നകത്തേക്കു പോകമോന്നു അടുത്ത വീട്ടിലെ പെണ്‍കുട്ടിയോടു ചോദിച്ചപ്പോള്‍ “മ്” ന്നൊരു മൂളല്‍ മാത്രം മറുപടികിട്ടി.
വളരെ പഴക്കം ചെന്ന ചെറിയൊരു വീട്, ചുമരില്‍ ചിലന്തികള്‍ക്കു പകരം ചിതലുകള്‍,കുറെനേരം അവിടെയിരുന്നു, ഖസാക്കിനെ കുറിച്ചു വീണ്ടും ചര്‍ച്ച ചെയ്തു, പിന്നെ കുറെ നേരം കഴിഞ്ഞു തസ്രാക്കിലെ മറ്റു സ്ഥലങ്ങളിലേക്ക് നടന്നു, അരയന്നങ്ങള്‍ നീന്തിക്കളിക്കുന്ന ഒരു വലിയ കുളം, പിന്നെ ഒരു ചെറിയ കട, അവിടെനിന്ന് നാരങ്ങാവെള്ളം കുടിച്ചു, സര്‍ബത്ത് ഇപ്പൊ ഇല്ലത്രെ. ഖസാക്കിലെ കൂമങ്കാവിനെ കുറിച്ചും ചിതലിയെക്കുറിച്ചു പിന്നെ അറബിക്കുളത്തിനെയും പറ്റിയും ചോദിച്ചപ്പോള്‍ അതൊക്കെ നോവലില്‍ മാത്രെ ഉള്ളൂവെന്നും വെറും ഭാവനമാത്രമാണെന്നും മറുപടികിട്ടി.അടുത്തെവിടെയോ ഒരു കൂമങ്കാടുണ്ടെന്നും അതു നോവലിലെ പോലെ ഉള്ള സ്ഥലമല്ലാന്നും പിന്നെ അതിലുള്ളതായി തസ്രാക്കിലുള്ളതു ഞാറ്റുപുരയും പള്ളിയും പിന്നെ കുറച്ചു കഥാപത്രങ്ങളും മാത്രമാണെന്നും അയാള്‍ പറഞ്ഞു. പിന്നെ കുറച്ചു നേരം ആ വിശാലമായ പാലക്കാടന്‍ വയലുകളിലൂടെ നടന്നു, പിന്നെ നേരം വൈകുന്നതിനു മുന്‍പ് തിരിച്ച് വീട്ടിലേക്ക്.
ഒരു പക്ഷെ ആ തസ്രാക്ക് യാത്ര അന്നു എന്നെ നിരാശപ്പെടുത്തിയിരുന്നിരിക്കാം, പക്ഷെ അതിനു ശേഷം പലപ്രാവിശ്യം വീണ്ടും ഒന്നുകൂടി തസ്രാക്കിലേക്കു പോകാന്‍ തോന്നിയിട്ടുണ്ടു. ഇന്നും തോന്നിക്കോണ്ടെയിരിക്കുന്നു, ഞാനെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മ്മകളില്‍ ആ തസ്രാക്ക് യാത്ര മുന്‍പന്തിയിലെത്തുന്നതും അതുകൊണ്ടുതന്നെ.
അന്നെടുത്ത കുറെ ഫോട്ടോസ് താഴെ കൊടുക്കുന്നു.
“ഖസാക്കിലേയ്ക്ക് സ്വാഗതം”
തസ്രാക്കിലേയ്ക്ക്.
കരിമ്പനകള്‍ നിറഞ്ഞ പാലക്കാടന്‍ പാടങ്ങള്‍.
ഇതു സാഹിത്യപ്രേമികളുടെ തീര്‍ഥാടനകേന്ദ്രം... ഖസാക്കിലെ ഞാറ്റുപുര..
ഞാറ്റുപുര.